തിരു – കൊച്ചി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികളുടെ ഒരു യോഗം 1955 ഓഗസ്റ്റ് മാസം 21 തീയതി രാത്രി 10 മണിക്ക് ശ്രീ. ജി. കരുണാകരന് നായരുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം ഗസ്റ്റ് കോട്ടെജില് വച്ച് കൂടി. അന്ന് പ്രവര്‍ത്തിച്ചിരുന്ന തിരു – കൊച്ചി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് യൂണിയന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ അസംതൃപ്തരായ ജനാധിപത്യ വിശ്വാസികളായ തൊഴിലാളികളാണ് അന്ന് കൂടിയത്. അന്നത്തെ യോഗ തീരുമാന പ്രകാരമാണ് ഇന്നത്തെ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന് രജിസ്ടര്ചെയ്തു പ്രവര്‍ത്തനമാരംഭിച്ചത്. സര്‍വ്വശ്രീ എന്‍. ജെ. ഫെര്‍ണാണ്ടസ് , ആര്. നാരായണന് നായര്‍, പി. ജനാര്ദ്ധനന് പിള്ള, കെ. കൊച്ചു കൃഷ്ണ പണിക്കര്‍, എം.എസ്. മീരാമൈദീന്, എന്‍. കേശവ പണിക്കര്‍, പി. ബാലകൃഷ്ണ പണിക്കര്‍, എസ്. രാമയ്യര്. എം. നാരായണന്, എ. സുബ്ബയ്യാപിള്ള, തോംസണ്‍ ജോസഫ്, പി. ചന്ദ്രശേഖരന് നായര്‍, ഇ.എ. ചാക്കോ, ടി.കെ. കൃഷ്ണന് നായര്‍, എം.കെ. നായ്കര്‍, ആര്. കുമാരപിള്ള, കെ. രാമന്, പി. കുഞ്ഞിരാമന്‍പിള്ള, വി. ചെല്ലപ്പന് പിള്ള, എസ്. തങ്കപ്പന് നായര്‍ എന്നീ 20 പേരാണ് പുതിയ യൂണിയന് രൂപം കൊടുത്ത ആദ്യ യോഗത്തില്‍ പങ്കെടുത്തത്.
പ്രസ്തുത യോഗത്തില്‍വച്ച് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റായി ശ്രി. ജി. ചന്ദ്രശേഖരപിള്ളയെയും ജനറല്‍ സെക്രട്ടറിയായി ശ്രി.എന്‍. അലക്സാണ്ടറേയും ജോയിന്റ് സെക്രട്ടറി മാരായി സര്‍വ്വശ്രീ. ജി. കരുണാകരന് നായര, എം. നാരായണന്, തോംസണ്‍ ജോസഫ് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സര്‍വ്വശ്രീ. എ. സുബ്ബയ്യാപിള്ള, പി. ജനാര്ദ്ധനന് പിള്ള, കെ. കൊച്ചു കൃഷ്ണ പണിക്കര്‍, എം.എസ്. മീരാമൈദീന്, എന്‍. കേശവ പണിക്കര്‍ , പി. ബാലകൃഷ്ണ പണിക്കര്‍ , ആര് . നാരായണന് ചെട്ടിയാര്‍ , എസ്. രാമയ്യര് , ആര് . നാരായണന് എന്നിവരെയും തിരഞ്ഞെടുത്തു.
1955 ഓഗസ്റ്റ് 28 ന് കൂടിയ വിപുലമായ യോഗം തിരുവനന്തപുരം സിറ്റി സെന്‍ട്രല്‍ കമ്മിറ്റിക്ക് രൂപം കൊടുത്ത് പ്രവര്‍ത്തനം വിപുലപ്പെടുത്തി. യൂണിയന്റെ ആദ്യ സ്റ്റേറ്റ് എക്സിക്കുട്ടിവ് കമ്മിറ്റി 23.09.1955 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ഗാലിയാട്ട് കാമ്പൌണ്ടിലുള്ള ജനറല്‍ സെക്രട്ടറിയുടെ വസതിയില്‍ വച്ചാണ് കൂടിയത്. യോഗ തീരുമാനപ്രകാരം പാര്‍സല്‍ അറ്റെന്റര്മാര്ക്ക് അന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വിഷമങ്ങളെക്കുറിച്ചും അവര്‍ക്ക് ലഭിക്കേണ്ട പ്രോമോഷനെക്കുറിച്ചു മുള്ള ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഭരണാധികാരികള്‍ക്ക് നല്കി.
അന്ന് ശക്തമായിരുന്ന കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്റെ എതിര്‍പ്പിനെ നേരിട്ടുകൊണ്ടായിരുന്നു യൂണിയന്റെ പ്രവര്‍ത്തനം മുന്നോട്ടു നയിച്ചത്. ശ്രീ. കുമാരപിള്ളയുടെ നേത്ര്ത്വത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് എന്‍ക്വയറി കമ്മിഷന്റെ റിപ്പോര്ട്ടിന്മേല് അവകാശങ്ങള്‍ പിടിച്ചു പറ്റുന്നതിനു നിരന്തരമായ പരിശ്രമങ്ങളാണ് യൂണിയന് ചെയ്തുകൊണ്ടിരുന്നത്.
യൂണിയന്റെ ആദ്യ ബാങ്ക് അക്കൗണ്ട് 25.07.1956 ല്‍ കോ-ഓപറേടിവ് സെന്‍ട്രല്‍ ബാങ്കില്‍ പ്രസിഡന്റിന്റെയും ഖജാന്‍ജിയുടെയും പേരില്‍ ആരംഭിച്ചു. ഖജാന്‍ജി പെന്‍ഷനായി പിരിഞ്ഞ ഒഴിവില്‍ 1956 ജൂലൈ 25 ന് ശ്രീ. ആര്. നാരായണന് നായര്‍ പുതിയ ഖജാന്‍ജി ആയി ചുമതലയേറ്റു. അന്നത്തെ യോഗ തീരുമാനപ്രകാരമാണ് യൂണിയന് അംഗങ്ങള്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് ഒരു സഹകരണ സംഖം രൂപീകരിക്കുവാന്‍ തീരുമാനിച്ചത് . അങ്ങനെ രൂപീകരിച്ച സഹകരണ സംഖമാണ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന് ഇപ്പോള്‍ ഭരണപരമായ യാതൊരു പങ്കാളിത്തവുമില്ലാതെ വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന തിരുവനന്തപുരം കെ.എസ്.ടി. വര്‍ക്കേര്‍സ് കോ-ഓപറേടിവ് സൊസൈറ്റി നമ്പര്‍ T.133 യൂണിയനകത്തുണ്ടായ അധികാരത്തര്‍ക്കത്തിന്റെ ആദ്യ രക്തസാക്ഷിയായി ഇന്നും ഈ സൊസൈറ്റി നിലകൊള്ളുന്നു.
27.5.1956 ല്‍ കൂടിയ യോഗമാണ് യൂണിയന് കമ്മിറ്റി കളില്ലായിരുന്ന എറണാകുളം, ആലുവ, തൃശൂര്‍, കൊട്ടാരക്കര, കോട്ടയം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ കമ്മിറ്റികള്‍ക്ക് രൂപംകൊടുത്തു യൂണിയന്റെ പ്രവര്‍ത്തനം സംസ്ഥാനതലത്തില്‍ വിപുലപ്പെടുത്തിയത്. ട്രാന്‍സ്പോര്‍ട്ട് ഡിപാര്ട്ടുമെന്റില് നിലവിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് അതിപ്രസരത്തെയും വെല്ലുവിളികളെയും കഠിനപ്രവര്ത്തനതിലൂടെ അതിജീവിച്ചു യൂണിയന്റെ പ്രവര്‍ത്തനം ദിനംപ്രതി ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.
യൂണിയന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. ഉള്ളൂര്‍ ഗോപി, ശ്രീ. ആറ്റിങ്ങല്‍ വാസുക്കുട്ടി എന്നിവരുടെ പിന്തുണ ശക്തമായിരുന്നു. തിരുവനന്തപുരത്ത് വച്ച് കൂടിയ യൂണിയന്റെ ആദ്യ എക്സിക്യൂട്ടീവ് 11.4.59 ന് കൊട്ടാരക്കര വച്ച് കൂടിയ യോഗമാണ്. യൂണിയന്റെ ആദ്യ പ്രധിനിധി സമ്മേളനം ആലുവ യൂണിയന് ഓഫീസില്‍ വച്ച് 6.9.1959 ല്‍ വൈകുന്നേരം 3 മണിക്ക് പ്രസിഡണ്ട് ശ്രീ. ജി. ശങ്കരപ്പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടി. പ്രസ്തുത യോഗത്തില്‍ 58 പേരാണ് പങ്കെടുത്തത്. കോണ്‍ ഗ്രസ് അനുഭാവികളായ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ INTUC യില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്നതിനും ഈ യോഗമാണ് തീരുമാനിച്ചത്.
1956 ജനുവരി 8 ന് യൂണിയന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം കേന്ദ്ര ഡപ്പുട്ടി ലേബര്‍ മന്തി ശ്രീ. ആബീദാലി നിര്‍വഹിച്ചു. അന്നേ ദിവസം വമ്പിച്ച ജാഥയും പൊതുയോഗവും നടക്കുകയുണ്ടായി. തിരുവനന്തപുരം സെന്‍ട്രല്‍ വര്ക്സ്ല് ജോലിത്തിരക്കില്ലാതെ വരുമ്പോള്‍ തൊഴിലാളികളെ പിരിച്ചു വിടുക പതിവായിരുന്നു. ഇതിനെതിരെ 1956 ല്‍ യൂണിയന് നടത്തിയ സമരമായിരുന്നു യൂണിയന്റെ നേത്രത്വത്തിലുള്ള ആദ്യ സമരം. 27 ദിവസം നീണ്ട സമരം വന്‍ വിജയമായിരുന്നു. പ്രസ്തുത സമരത്തിലൂടെ അന്നുവരെ നിലവിലിരുന്ന “ബോണ്ട് സമ്പ്രദായം” നിര്‍ത്തലാക്കുകയും ജീവനക്കാര്‍ക്ക് യാത്രാ പാസ്സ് അനുവദിക്കുകയും ഫാക്ടറി ആക്റ്റ് വര്‍ക്ഷോപ്പില്‍ നടപ്പിലാക്കുകയും ചെയ്തു.
1959 ഏപ്രില്‍ 5 ന് കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന ശേഷം യൂണിയന്റെ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവന്നു. ഇതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് തന്നെ യൂണിയന് വേണ്ടിവന്നു. ഒടുവില്‍ ജനറല്‍ സെക്രടറി അലക്സാണ്ടര്‍ തല്‍സ്ഥാനം രാജിവച്ചു. ശക്തനായ ഒരാളെ കിട്ടനില്ലതിരുന്നതിനാല് ജനറല്‍ സെക്രടറി സ്ഥാനം കുറെ നാള് ഒഴിഞ്ഞുകിടന്നു. ഒടുവില്‍ എക്സ്. മേയര്‍ ആര്. പരമേശ്വര പിള്ള ജനറല്‍ സെക്രടറിയായി. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ച യൂണിയന് ആദ്യകാല ക്ഷീണമെല്ലാം മാറ്റി ശക്തിയായിത്തന്നെ മുന്നേറി. അന്ന് സാമ്പത്തികമായി തകര്‍ന്ന യൂണിയനെ രക്ഷിച്ചത്.
1959 മാര്‍ച്ച് 3 ന് ചങ്ങനാശേരി ഗീഥാ ആര്‍ട്സ് ക്ലബ്ബിന്റെ “കുറുക്കന് രാജാവായി” എന്ന നാടകം കളിച്ചു സമ്പാദിച്ച തുക കൊണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ തകര്‍ച്ചയോടുകൂടി യൂണിയന് ഉത്തരോത്തരം ശക്തിപ്രാപിച്ചു തുടങ്ങി. യൂണിയന്റെ ശക്തമായ സമ്മര്‍ദത്തിന്റെ ഫലമായി ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡിലെ അംഗത്തിനെ നാമനിര്‍ദേശം ചെയ്തുകൊണ്ട് നിയമിക്കുന്നതിനു പകരം തൊഴിലാളികളില്‍നിന്നു തിരഞ്ഞെടുപ്പിലൂടെ നിയമിക്കുന്ന സ്ഥിതിയുണ്ടായി. ഇക്കാലമത്രയും പ്രധിസന്ധികളില്നിന്നും പ്രതിസന്ധികളിലേക്ക് കുതിച്ചുകൊണ്ടിരുന്ന സംഖടനയെ ശക്തമായി നയിച്ചത് പ്രസിഡണ്ട് ശ്രീ. ചന്ദ്രശേഖരപിള്ള യുടെ ധീരമായ നേതൃത്വമായിരുന്നു.
യൂണിയനകത്ത് ഭിന്നതയുടെ വിത്ത് വിതക്കുന്നത് ശ്രീ. ആര്. ബാലകൃഷ്ണപിള്ളയുടെ വരവോടുകൂടിയാണ്. 11.10.1959 ല്‍ കോട്ടയത്ത് വച്ച് കൂടിയ പ്രധിനിധി സമ്മേളനത്തില്‍ വച്ച് പ്രസിഡന്റ്റായി ശ്രീ. ജി. ചന്രശേഖരപിള്ളയെയും ജനറല്‍ സെക്രടറിയായി ശ്രീ. ആര്. ബാലകൃഷ്ണപിള്ളയെയും തെരഞ്ഞെടുത്തു. 23.05.1960 ല്‍ പാസ്സാക്കിയ ഒരു പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിച്ച ബോണസ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന്മേല് ശ്രീ. ആര്. നാരായണ സ്വാമി നായിഡു പാപ്പനംകോട് നടത്തിയ നിരാഹാര സമരം ഒടുവില്‍ യൂണിയനകത്തു അന്ധചിദ്രതിന്റെ ശക്തി വര്‍ധിപ്പിച്ചു. അസമയത്ത് നടന്ന ആ സമരത്തിന് ആദ്യ ഘട്ടത്തില്‍ ആവേശം പകര്‍ന്ന ജനറല്‍ സെക്രടറി ശ്രീ. ആര്. ബാലകൃഷ്ണപിള്ള സത്യാഗ്രഹം അനിചിതമായി നീണ്ടു പോയപ്പോള്‍ സത്യാഗ്രഹത്തെ തള്ളിപ്പറഞ്ഞുകൊണ്ട് കാലുമാറി. അന്ന് സ്ഥലത്തില്ലാ യിരുന്ന പ്രസിഡന്റ് ശ്രീ. ചന്ദ്രശേഖരപിള്ള പാഞ്ഞെത്തി പ്രശ്നം ഒതുതീര്പ്പാക്കി സത്യാഗ്രഹിയുടെ ജീവന് രക്ഷിക്കുകയും ചെയ്തു. ഈ പ്രശ്നത്തിന്റെ പേരിലാണ് പ്രസിഡന്റും ശ്രീ. ആര്. ബാലകൃഷ്ണപിള്ളയും അകലാന്‍ ഇടയായത്. യൂണിയനംഗങ്ങളും രണ്ടു ചേരിയായി മാറാന്‍ ഇടയായതും നിര്‍ഭാഗ്യകരമായ ഈ സംഭവമായിരുന്നു. സംഘടനക്കുള്ളില്‍ അച്ചടക്കരാഹിത്യം പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു ജനറല്‍ സെക്രട്ടറി അനുവര്‍ത്തിച്ചു പോന്നിരുന്നത്. 24.9.1960 ല്‍ തിരുവനന്തപുരത്ത് കൂടിയ സംസ്ഥാന എക്സികുടിവില്‍ ശ്രീ. ആര്. ബാലകൃഷ്ണപിള്ള ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറായെങ്കിലും പ്രസിഡന്റിന്റെ നിര്‍ബന്ധപ്രകാരം രാജി പിന്‍വലിച്ചു.
1960 ഒക്ടോബര്‍ 12 ന് തിരുവനന്തപുരം VJT ഹാളില്‍ വച്ച് നടന്ന യൂണിയന്റെ വാര്‍ഷിക സമ്മേളനം പ്രസിഡന്റായി ശ്രീ. ആര്. ബാലകൃഷ്ണപിള്ളയെയും ജനറല്‍ സെക്രട്ടറിയായി ശ്രീ. എസ്. വരദരാജന് നായരെയും തിരഞ്ഞെടുത്തു. അന്നത്തെ യോഗം ഉത്ഘാടനം ചെയ്തതു കോണ്ഗ്രസ്സ്കാരനായ ട്രാന്‍സ്പോര്‍ട്ട് മന്ത്രി ശ്രീ. കെ. റ്റി. അച്ചുതനായിരുന്നു. അന്ന് യൂണിയന്റെ ആവശ്യപ്രകാരം സംസ്ഥാനത്ത് നിരവധി റൂട്ടുകള്‍ ദേശസാല്കരിക്കുന്നതിനു സര്‍ക്കാര്‍ തയ്യാറാകുകയാണ് ഉണ്ടായത്. ട്രാന്‍സ്പോര്‍ട്ടിന് വേണ്ടി ഇന്നുവരെയുള്ള ദേശസല്കരണത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവുമധികം റൂട്ടുകള്‍ ദേശസാല്കരിച്ചിട്ടുള്ളത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്.
1962 മെയ് 4 ന് കൂടിയ യൂണിയന് കേന്ദ്ര നിര്‍വാഹക സമിതിയാണ് യൂണിയന് സ്വന്തമായി ഓഫീസ് കെട്ടിടം പണിയുന്നതിന് തീരുമാനിച്ചത്. അതിന്റെ അനന്തരഭലമായാണ് ഇന്ന് യൂണിയന്റെ കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലം വാങ്ങി കെട്ടിടം പണിയാന്‍ സാധിച്ചത്. കെട്ടിടം പണിയുന്നതിനുവേണ്ടി ഒരു ലോട്ടറി നടത്തുകയും സംസ്ഥാനമൊട്ടുക്കുമുള്ള ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ ലോട്ടറി വിറ്റു കിട്ടിയ പണംകൊണ്ട് നിര്‍മ്മിച്ചതുമാണ് യൂണിയന്റെ ആസ്ഥാന മന്ദിരം. ഇന്ന് യൂണിയന് കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം വിലക്കുവാങ്ങനായി വേണ്ടിവന്ന 27000 രൂപ ശ്രീ. എസ്. വരദരാജന് നായര്‍ കടമായി നല്‍കിയതാണ്. ഈ തുക ലോട്ടറി വിട്ടുകിട്ടിയ ലാഭത്തില്‍ നിന്ന് അദ്ദേഹത്തിന് മടക്കി നല്‍കുകയും ചെയ്തു.
30.03.1963 ല്‍ കൊട്ടാരക്കര വച്ച് നടന്ന യൂണിയന് എക്സിക്യൂട്ടീവ് ല്‍ ശ്രീ. പി.ടി. തോമസ് അവതരിപ്പിച്ച പ്രമേയം പരോക്ഷമായ തരത്തില്‍ തന്നില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന കാരണത്താല്‍ അന്നത്തെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ താന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയിരിക്കില്ലെന്ന് ശ്രീ. ജി. ചന്ദ്രശേഖരപിള്ള പ്രസ്താവിച്ചു ശ്രീ. ആര്. ബാലകൃഷ്ണപിള്ളക്ക് വേണ്ടിയായിരുന്നു ശ്രീ. പി.ടി. തോമസ് പ്രസിഡന്റി നെ പ്രകോപിപ്പിച്ച പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തെക്ക് ശ്രീ. ആര്. ബാലകൃഷ്ണപിള്ള, ശ്രീ. സി. എം. സ്റ്റീഫന്‍, ശ്രീ. ബി.കെ.നായര്‍ എന്നിവരുടെ പേരുകള്‍ നിർദ്ദേശിക്കപ്പെടുകയും വോട്ടെടുപ്പിലൂടെ ശ്രീ. ആര്. ബാലകൃഷ്ണപിള്ള യൂണിയന്റെ പ്രസിഡന്റ് ആയും ശ്രീ. പി.ആര്.ഫ്രാന്‍സിസ് വൈസ് പ്രസിഡന്റ് ആയുംശ്രീ. എസ്. വരദരാജന് നായര്‍ ജനറല്‍ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
03.02.1966 ല്‍ യൂണിയന് ഹെഡ് ഓഫീസില്‍ ശ്രീ. പി.ആര്. ഫ്രാന്‍സിസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രധിനിധി സമ്മേളനം പ്രസിഡന്റ് സ്ഥാനത്ത് നിന്നും ശ്രീ. ആര്.ബാലകൃഷ്ണപിള്ളയെ ഒഴിവാക്കി പകരം ശ്രീ. സി. എം. സ്റ്റീഫന്‍ പ്രസിഡന്റ് ആയും ശ്രീ. എസ്. വരദരാജന് നായര്‍ ജനറല്‍ സെക്രട്ടറി ആയും തിരഞ്ഞെടുത്തു. ഈ സമ്മേളനത്തില്‍ വച്ച് ഒരുവിഭാഗം തൊഴിലാളികള്‍ ശ്രീ. ആര്. ബാലകൃഷ്ണപിള്ള യോടൊപ്പം ചേര്‍ന്ന് സംഘടനക്ക് പുറത്ത് പോയി. പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ KST വര്‍ക്കേര്‍സ് സഹകരണ സംഖത്തിന്റെ നിയന്ദ്രണം വര്‍ക്കേർസ് യൂണിയന് നഷ്ടമാക്കി. KST ഡ്രൈവേര്‍സ് യൂണിയന്റെ ജനനവും ഇതിന്റെ തുടര്‍ച്ചയായിരുന്നു.
ശ്രീ. സി.എം. സ്റ്റീഫന്റെയും ശ്രീ. എസ്. വരദരാജന് നായരുടെയും നേതിര്ത്വത്തില് ദീര്‍ഘകാലം സംഘടന അതി ശക്തമായി മുന്നോട്ട് പോയി. സംഖടനയുടെ സുവര്‍ണ കാലവും അതായിരുന്നു. 12 കൊല്ലം ഇരുവരെയും യൂണിയന് സമ്മേളനങ്ങള്‍ വീണ്ടും വീണ്ടും അധികാരത്തിലിരുത്തി. യൂനിയനാഫീസില് ശ്രീ. എസ. വരദരാജന് നായര്‍ സദാ പ്രവര്‍ത്തന നിരതനായുണ്ടായിരുന്നു. ശ്രീ. എസ്. വരദരാജന് നായരുടെ അശ്രാന്ധ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ത്യാഗ മനസ്തിതിയുടെയും ഭലമാണ് വര്‍ക്കേര്‍സ് യൂണിയന്റെ ഇന്നത്തെ ശക്തിക്കും ആസതിക്കും വളര്‍ച്ചക്കും പ്രധാന കാരണം.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിനകത്തെ ഗ്രൂപ്പ് പോരില്‍ കാലക്രമേണ രണ്ടു നേതാക്കളും രണ്ടു ചേരിയിലായി KPCC പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് ശ്രീ. എസ്. വരദരാജന് നായര്‍ ശ്രീ. സി.എം. സ്റ്റീഫനെ പരാജയപ്പെടുത്തി. തുടര്‍ന്ന് അവരുടെ അകല്‍ച്ച സംഘടനയെയും ബാധിച്ചു. 1977 ഡിസംബര്‍ 10, 11 തീയതികളില്‍ ആലപ്പുഴ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വച്ച് ശ്രീ. സി.എം സ്റ്റീഫന്‍ യൂണിയന് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താവുകയും ശ്രീ. എസ്. വരദരാജന് നായര്‍ പുതിയ പ്രസിഡന്റാവുകയും ചെയ്തു. ജനറല്‍ സെക്രട്ടറി ആയി ശ്രീ. പി.വി.ശങ്കരനാരായണനും തെരഞ്ഞടുക്കപ്പെട്ടു. ഈ ബന്ധത്തിന് കേവലം 2 കൊല്ലവും 8 മാസവും മാത്രം തുടരാനേ സാധിച്ചുള്ളൂ. കോണ്‍ഗ്രസ് പ്രസ്ഥാനം വീണ്ടും പിളര്‍ന്നു. അതിന്റെ തുടര്‍ച്ചയായി യൂണിയന് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും രണ്ടു ചേരിയില്‍ നിലയുറപ്പിച്ചു. 05.08.1980 ല്‍ തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ ചേര്‍ന്ന പ്രധിനിധി സമ്മേളനത്തില്‍ ഇരുവരും പിരിഞ്ഞു. യൂണിയനും പിളര്‍ന്നു. ശ്രീ. എസ്. വരദരാജന് നായരും ശ്രീ.കെ.സി.ഈപ്പനും ഒരു വിഭാഗത്തിന്റെയും ശ്രീ.ബി.കെ.നായരും ശ്രീ. പി.വി.ശങ്കരനാരായണനും മറ്റൊരു വിഭാഗത്തിന്റെയും പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി.
എസ്. വരദരാജന് നായരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് A യെ അനുകൂലിക്കുന്ന വിഭാഗം രണ്ടു കൊല്ലങ്ങള്‍ക്ക് ശേഷം പ്രസിഡന്റായി ശ്രീ. വരദരാജന് നായരെയും ജനറല്‍ സെക്രട്ടറി ആയി ശ്രീ. ആര്. ശശിധരനെയും തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് I വിഭാഗത്തെ പ്രധിനിധീകരിച്ചിരുന്ന പി.വി.ശങ്കരനാരായണന് വിഭാഗം എം.എം.ഹസ്സനെ യൂണിയന് പ്രസിഡന്റായും പി.വി.ശങ്കരനാരായണന് ജനറല്‍ സെക്രട്ടറി ആയും തിരഞ്ഞെടുത്തു. ഒരേ രജിസ്റ്റര്‍ നമ്പരില്‍ ഒരേ പേരില്‍ രണ്ടു വിഭാഗവും വളരെ വാശിയോടെ യൂണിയന് പ്രവര്‍ത്തനം നടത്തിവന്നു. ഏതാണ് യഥാർത്ഥ യൂണിയൻ എന്നത് സംബന്ധിച്ച് വിവിധ കോടതികളിലായി 22 കേസുകളാണ് നടന്നത്. ഒടുവിൽ യൂണിയനും യൂണിയൻ ഓഫീസും സംബന്ധിച്ച കേസുകളിൽ എസ് .വരദരാജൻ നായർ വിഭാഗത്തിന് അനുകൂലമായ വിധിയാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നുമുണ്ടായത്. വീണ്ടും രണ്ടുകൊല്ലങ്ങള്‍ക്ക് ശേഷം ഐ വിഭാഗം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടന്ന വാശിയേറിയ മത്സരത്തില്‍ വയലാര്‍ രവിയെ തോല്‍പ്പിച്ച് കെ.കെ. ബാലകൃഷ്ണന് പ്രസിഡന്റായും പി.വി.ശങ്കരനാരായണനെ തോല്‍പ്പിച്ചു ജി. കാര്ത്തികേയന് ജനറല്‍ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടതോട് കൂടെയാണ് യൂണിയനില്‍ ഐക്യത്തിന്റെ കാഹളം വീണ്ടും മുഴങ്ങിയത്. കോണ്‍ഗ്രസ് ഐ വിഭാഗത്തിന്റെ ഓഫീസ് തിരുവനന്തപുരം ആയുര്‍വേദ കോളേജ്ന് സമീപത്തുള്ള ഒരു ലോഡ്ജ് മുറിയിലും, വരദരാജന് നായര്‍ വിഭാഗം മഞ്ഞലിക്കുളത്ത് ഇന്നുള്ള യൂണിയന്റെ കേന്ദ്ര ഓഫീസിലും ആയി യൂണിയന് പ്രവര്‍ത്തനം നടത്തിവന്നിരുന്നത്.
ഇതിനിടയില്‍ കോണ്‍ഗ്രസ്സില്‍ ഐ, എ വിഭാഗങ്ങളുടെ ലയനം പൂര്‍ത്തിയായി. പക്ഷെ യൂണിയന്റെ ലയനം നടക്കുന്നതിന് നിരവധി തടസ്സങ്ങള്‍ അവശേഷിച്ചു.INTUC കേരള ഘടകത്തിന്റെ പ്രസിടന്റായി എസ്. വരദരാജന് നായരെ നിയമിക്കുമെന്ന ഉറപ്പ് പാലിക്കാതെ വി.പി. മരക്കാരെ നിയമിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസ് (എ) വിഭാഗം വിട്ടു കോണ്‍ഗ്രസ് (എസ് ) ലേക്ക് മാറി. യൂണിയനില്‍ അദ്ദേഹത്തോടൊപ്പം നിന്ന വിഭാഗവും കോണ്‍ഗ്രസ് (എസ്) ലേക്ക് മാറി. എ വിഭാഗത്തെ പ്രധിനിധാനം ചെയ്ത ഒരു വിഭാഗം ഉമ്മന്‍ ചാണ്ടി പ്രസിഡന്റായും തമ്പാനൂര്‍ രവി ജനറല്‍ സെക്രട്ടറി ആയും പ്രത്തേകം മാറി പ്രവര്‍ത്തനം ആരംഭിച്ചു. അതോടെ യൂണിയന് മൂന്നു വിഭാഗമായി മാറി. ഒടുവില്‍ എസ്. വരദരാജന് നായര്‍ ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യൂണിയന്റെ പ്രവര്‍ത്തനം തടയുകയുണ്ടായി. കോണ്‍ഗ്രസ് (എസ്) വിഭാഗത്തിന്റെ പ്രസിഡന്റ് എസ്. വരദരാജന് നായരും വര്‍ക്കിംഗ് പ്രസിഡന്റ് വി.സി. കബീറും ജനറല്‍ സെക്രട്ടറി ആയി ആര്. ശശിധരനും പ്രവര്തിച്ചുവന്നു.
1989 ഒക്ടോബർ 14 ന് ശ്രീ. എസ്.വരദരാജന് നായര്‍ അന്തരിച്ചു. തുടര്‍ന്ന് വി.സി.കബീര്‍ പ്രസിഡന്റായും ആര്.ശശിധരന് ജനറല്‍ സെക്രട്ടറി ആയും ആവിഭാഗത്തിന്റെ നേതിര്ത്വം ഏറ്റെടുത്തു. ഒരു കൊല്ലത്തിനു ശേഷം പ്രസിഡന്റായി ശ്രീ. ആര്.ശശിധരനെയും ജനറല്‍ സെക്രട്ടറി ആയി ശ്രീ. എ. ബാലകൃഷ്ണൻ നായരെയും എസ് വിഭാഗം യൂണിയന് തിരഞ്ഞെടുക്കപ്പെട്ടതോടെ ദീര്‍ഘകാലമായി യൂണിയനില്‍ നിലനിന്ന ഭിന്നതക്ക് അന്ധ്യമുണ്ടാക്കുന്നതിനായി ആ വിഭാഗം മുന്‍കൈ എടുത്തു ഐക്യസാധ്യതാ ചര്‍ച്ച ആരംഭിച്ചു.ഐ വിഭാഗത്തിന്റെ ഖജാന്‍ജി ശ്രീ. എസ്. രാമചന്ദ്രന് നായരുടെ നേത്രത്വത്തില്‍ ലയനതിനനുകൂലമായ നിലപാടെടുത്തതോടെ കാര്യങ്ങള്‍ വളരെവേഗം മുന്നോട്ടുനീങ്ങി. ലയനം പ്രയോഗികമാക്കുന്നതില്‍ വളരെ അനുകൂല നിലപാടെടുത്തത് ജി. കാര്‍ത്തികേയനായിരുന്നു. ഒടുവില്‍ ലയനം യാഥാര്ധ്യമായി.
11.02.1992 ന് തിരുവനന്തപുരം മാഞ്ഞാലിക്കുളം യൂണിയന് ഓഫീസ് ഗ്രൗണ്ടില്‍ ഇന്നത്തെ രാജിവ് ഗാന്ധി ആഡിറ്റോറിയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കെട്ടി ഉയര്‍ത്തിയ താല്കാലിക ഹാളില്‍ നടന്ന ലയന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മുഖ്യമന്ത്രി കെ.കരുണാകരനായിരുന്നു. മുഖ്യ പ്രാസംഗികന് കെ.പി.സി.സി. പ്രസിഡന്റ് വയലാര്‍ രവിയും. അതോടെ വിഘടിച്ചുനിന്ന യൂണിയനുകള്‍ ഒറ്റ ഓഫീസില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ലയന സമ്മേളനത്തില്‍ ഒരു പരസ്യ പ്രതിജ്ഞക്ക് സ്വാഗത പ്രസംഗികനായ ശ്രീ.ആര്.ശശിധരന് ആവശ്യപ്പെട്ടു. മേലില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും യൂണിയന് നേതാക്കളുടെ പുറകെ പോയി യൂണിയനെ പിളര്‍ക്കുകയില്ല എന്നതായിരുന്നു ആ പ്രതിജ്ഞ. അവിടെ കൂടിയ നൂറു കണക്കിന് തൊഴിലാളികള്‍ ആവേശത്തോടെ അത് ഏറ്റുപറഞ്ഞു. ലയനത്തിന് ശേഷമാണ് ഓഫീസിന്റെ പേര് എസ്.വരദരാജന് നായര്‍ സ്മാരക മന്ദിരം എന്ന് പുനര്‍ നാമകരണം ചെയ്തതു.11.02.1992 ന് തിരുവനന്തപുരം മാഞ്ഞാലിക്കുളം യൂണിയന് ഓഫീസ് ഗ്രൗണ്ടില്‍ ഇന്നത്തെ രാജിവ് ഗാന്ധി ആഡിറ്റോറിയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കെട്ടി ഉയര്‍ത്തിയ താല്കാലിക ഹാളില്‍ നടന്ന ലയന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മുഖ്യമന്ത്രി കെ.കരുണാകരനായിരുന്നു. മുഖ്യ പ്രാസംഗികന് കെ.പി.സി.സി. പ്രസിഡന്റ് വയലാര്‍ രവിയും. അതോടെ വിഘടിച്ചുനിന്ന യൂണിയനുകള്‍ ഒറ്റ ഓഫീസില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ലയന സമ്മേളനത്തില്‍ ഒരു പരസ്യ പ്രതിജ്ഞക്ക് സ്വാഗത പ്രസംഗികനായ ശ്രീ.ആര്.ശശിധരന് ആവശ്യപ്പെട്ടു. മേലില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും യൂണിയന് നേതാക്കളുടെ പുറകെ പോയി യൂണിയനെ പിളര്‍ക്കുകയില്ല എന്നതായിരുന്നു ആ പ്രതിജ്ഞ. അവിടെ കൂടിയ നൂറു കണക്കിന് തൊഴിലാളികള്‍ ആവേശത്തോടെ അത് ഏറ്റുപറഞ്ഞു. ലയനത്തിന് ശേഷമാണ് ഓഫീസിന്റെ പേര് എസ്.വരദരാജന് നായര്‍ സ്മാരക മന്ദിരം എന്ന് പുനര്‍ നാമകരണം ചെയ്തതു.
ലയന ശേഷം ശ്രീ. കെ.കെ ബാലകൃഷ്ണന് MLA പ്രസിഡന്റായും ശ്രീ. ആര്.ശശിധരന് വര്‍ക്കിംഗ് പ്രസിഡന്റായും ജി. കാര്ത്തികേയന് MLA ജനറല്‍ സെക്രട്ടറി ആയും ശ്രീ. ആര്.രാമചന്ദ്രന് നായര്‍ ഖജാന്‍ജി ആയും ഉള്ള ഭരണസമിതിയെ ഇരു കൂട്ടരും അംഗീകരിച്ചു. എസ് വിഭാഗത്തില്‍ നിന്നും എ.ബാലകൃഷ്ണന് നായര്‍, നെസ്ടര് മസ്ക്രിനാസ് എന്നിവരെ സംസ്ഥന ഭാരവാഹികളാക്കി. സംസ്ഥാന മോട്ടുക്ക് രണ്ടു വിഭാഗമായി പ്രവര്തിച്ചുവന്ന യൂണിയനെ ഒറ്റ യൂണിയനാക്കി മാറ്റാന്‍ കഠിന ശ്രമം തന്നെ വേണ്ടിവന്നു. ലയനം യാഥാർത്യമായതോടെ KSRTC യിലെ ശക്തമായ യൂണിയന് എന്ന പ്രതാപം വീണ്ടെടുക്കാന്‍ തുടങ്ങി.
ആര്. ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായി ഭരണം നടക്കുന്ന കാലമായിരുന്നു അന്ന്. അദ്ദേഹത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളോട് യൂണിയന് ശക്തമായി വിയോജിച്ചു. ഒന്നായി നിന്ന വർക്കേർസ് യൂണിയന് രണ്ടായും മൂന്നായും പിരിഞ്ഞപ്പോഴും വീണ്ടും ഒന്നയപ്പോഴും യൂണിയനിലെ ഒരുകൂട്ടം പ്രവര്‍ത്തകര്‍ മനസ്സുമടുത്ത് യൂണിയന് വിട്ട് CITU നേതൃത്വത്തിലുള്ള KSRTEA യില്‍ ചേര്‍ന്നു. KSRTC യില്‍ INTUC യില്‍ ഉണ്ടായ പിളർപ്പുകളാണ് ഇവിടെ CITU വിന്റെ വളര്‍ച്ചക്ക് അവസരമൊരുക്കിയത്. UDF ഭരണത്തില്‍ ആര്. ബാലകൃഷ്ണ പിള്ള യുടെയും മകന് ഗണേഷ് കുമാറിന്റെയും ഭരണം CITU വിന് വളരാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് ചെയ്തത്.
വിഘടിച്ചു നിന്ന എ വിഭാഗവും യൂണിയനില്‍ ലയിച്ചു ടി.എസ്. ജോണിന്റെ നേത്രത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാറ്റഗറി യൂണിയനായ കണ്ടക്ടെസ് യൂണിയനും ബി.ഗോപാലകൃഷ്ണ സ്വാമിയുടെ നേത്രത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡ്രൈവേര്‍സ് യൂണിയനും എ.സി. ജോസിന്റെയും നെല്സണ്ടേയും നേത്രത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയനും ഈ യൂണിയനില്‍ ലയിച്ചു. ഒടുവില്‍ ലയനത്ത എതിര്‍ത്തു നിന്ന കോണ്‍ഗ്രസ് (എസ്) വിഭാഗത്തിലുള്ള പാലക്കാട് കെ.വി. ഗോപാലകൃഷ്ണന്റെ നേത്രത്വത്തിലുള്ള വർക്കേർസ് യുണിയനും ലയിച്ചതോടെ യൂണിയന് കൂടുതല്‍ ശക്തിയായി മുന്നോട്ടു പോയി.
ആര്. ബാലകൃഷ്ണപിള്ളയുടെ തൊഴിലാളി വിരുദ്ധ നിലപാടിനോട് യോജിക്കാനാവാതെ വർക്കേർസ് യൂണിയന് പ്രതിപക്ഷ യൂണിയനുമായി ചേര്‍ന്ന് പണിമുടക്കി. ഒടുവില്‍ കെ.കരുണാകരന് പണിമുടക്ക് അവസാനിപ്പികണമെന്ന് യൂണിയന് നേത്രത്വതോടവശ്യപ്പെട്ടു. രാഷ്ട്രീയ സമ്മർദ്ധത്തെ തുടര്‍ന്ന് പണിമുടക്കവസനിപ്പിക്കേണ്ടി വന്നതില്‍ മനസ്സുമടിച്ച കെ.കെ.ബാലകൃഷ്ണന് MLA യും ജി,കാര്ത്തികേയന് MLA യും യൂണിയന് നേതൃസ്ഥാനങ്ങള്‍ രാജിവച്ചു. പക്ഷെ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ നേതൃത്വം ഉണ്ടാകുന്നതുവരെ ജി. കാര്ത്തികേയന് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു. ഇക്കാര്യത്തില്‍ യൂണിയനോട് നീതി പുലര്‍ത്തിയ ആദ്യത്തെ രാഷ്ട്രീയ നേതാവാണ് ജി. കാര്ത്തികേയന്. ഒരര്‍ത്ഥത്തില്‍ യൂണിയന്റെ ഇന്നത്തെ വളര്‍ച്ചക്ക് അടിത്തറഇട്ടത് ജി. കാര്‍ത്തികേയനാണ്. 1995 ആഗസ്റ്റ് 20 ന് ഏറണാകുളത്ത് വച്ച് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് MLA പ്രസിഡന്റും തമ്പാനൂര്‍ രവി MLA ജനറല്‍ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു ഗ്രൂപ്പുകളുടെ പാനലാണ് മത്സര രംഗത്തുണ്ടായിരുന്നത്. കെ.ശങ്കരനാരായണന് പ്രസിഡന്റും തമ്പാനൂര്‍ രവി MLA ജനറല്‍ സെക്രട്ടറിയായുള്ള പാനലും, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് MLA പ്രസിഡന്റും വി.എസ്. ഹരിന്ദ്രനാദ് ജനറല്‍ സെക്രട്ടറിയായുള്ള പാനലും, കെ.വി. തോമസ് MLA പ്രസിഡന്റും ശരത് ചന്ദ്രപ്രസാദ് ജനറല്‍ സെക്രട്ടറിയായുള്ള പാനലും ആണ് മത്സരിച്ചത്. മൂന്നാമത്തെ വിഭാഗത്തിന് പരമാവധി 10 വോട്ടാണ് ലഭിച്ചത്. ആദ്യത്തെ രണ്ടു വിഭാഗങ്ങള്‍ പങ്കുവച്ച എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിലും വിജയിച്ചു. ബാലറ്റ് പേപ്പറിലൂടെ നടന്ന ആ തിരഞ്ഞെടുപ്പില്‍ ചരിത്രപരമായ ഒരബദ്ധം യൂണിയന് സംഭവിച്ചു. ഭൂരിപക്ഷ കാറ്റഗറിയില്‍പെട്ടവര്‍ ഔദ്യോഗിക സ്ഥാനങ്ങളിലെല്ലാം വിജയിച്ചു. മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്നും ഒരാള്‍ പോലും വിജയിച്ചില്ല. ഇത് പുതിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കി. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ അന്നുമുതല്‍ ഇന്നുവരെ നടന്നിട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പര്‍ ഒഴിവാക്കി സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് എല്ലാ കാറ്റഗറിയെയും ഉള്‍ക്കൊണ്ടു നടത്താന്‍ യൂണിയന് തയ്യാറായി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 2004 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ അംഗമായതോടെ പ്രസിഡന്റ്സ്ഥാനം രാജിവച്ചു. 2006 ജനുവരി 19 ന് തിരുവനന്തപുരത്ത് പഞ്ചായത്ത് അസോസിയേഷന് ഹാളില്‍ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ തമ്പാനൂര്‍ രവി പ്രസിഡന്റും കൊടിക്കുന്നില്‍ സുരേഷ് MP ജനറല്‍ സെക്രട്ടറിയും R. ശശിധരന് വര്‍ക്കിംഗ് പ്രസിഡന്റും കെ. വിജയഗോപന്‍ നായര്‍ ഖജാന്‍ജിയുമായുള്ള പുതിയ ഭരണസമിതി അധികാരത്തില്‍ വന്നു. 2009 ലും 2011 ലും നടന്ന തിരഞ്ഞെടുപ്പുകളിലും ഇവര്‍ തന്നെ നേതൃസ്ഥാനങ്ങളില്‍ തുടര്‍ന്നു. ഇപ്പോഴും തുടരുന്നു.
2002 ലും 2004 ലും നടന്ന യൂണിയന് വാര്‍ഷിക തിരഞ്ഞെടുപ്പുകളില്‍ കെ.ജോണും (ചങ്ങനാശ്ശേരി) 2009 ലും 2011 ലും നടന്ന യൂണിയന് വാര്‍ഷിക തിരഞ്ഞെടുപ്പുകളില്‍ പി.സുകുമാരന്‍ പിള്ളയും (നെടുമങ്ങാട്) റിട്ടേണിംഗ് ഓഫീസര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 ൽ നടന്ന തെരഞ്ഞെടുപ്പിൽ കെ.വി. ഗോപാലകൃഷ്ണൻ ആയിരുന്നു റിട്ടെണിങ്ങ് ഓഫീസർ.